തിരുവനന്തപുരം ∙ പൊലീസുകാർക്ക് യൂണിഫോമിൽ ഘടിപ്പിക്കുന്ന ബോഡി വോൺ ക്യാമറ നൽകി ഒരു മാസം തികയും മുൻപേ മിക്കവരും അതു മടക്കി നൽകി. കുറച്ചു സമയം ഘടിപ്പിക്കുമ്പോൾ നെഞ്ചിൽ ചൂട് തട്ടുന്നുവെന്നാണു പരാതി. ഒരു കോടി രൂപ മുടക്കിയാണു 310 ക്യാമറകൾ വാങ്ങിയത്. ഇതു പാളിയെങ്കിലും ഇതേ കമ്പനിയുടെ 356 ക്യാമറകൾ 89 ലക്ഷം രൂപ ചെലവിൽ വാങ്ങാൻ മോട്ടർ വാഹന വകുപ്പു തിരക്കിട്ട നീക്കം തുടങ്ങി.
കേരളത്തിലെ പൊലീസുകാർക്ക് ഒരു കമ്പനിയുടെ പ്രത്യേക തുണിയിൽ യൂണിഫോം വേണമെന്നും എല്ലാ പൊലീസ് സ്റ്റേഷനിലും മറ്റൊരു കമ്പനിയുടെ ഒരേ നിറത്തിലെ പെയിന്റ് അടിക്കണമെന്നും ഉത്തരവിട്ട പൊലീസ് ആസ്ഥാനത്തെ കച്ചവടലോബി ഇപ്പോഴും സജീവമെന്നാണ് ആക്ഷേപം. പൊലീസിന്റെ പർച്ചേസ് അഴിമതി അക്കമിട്ടു സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടും ആർക്കെതിരെയും നടപടിയും ഉണ്ടായില്ല.
പൊലീസ് ക്യാമറ വാങ്ങിയ കമ്പനിയുമായി വാർഷിക അറ്റകുറ്റപ്പണി കരാർ ഇല്ലായിരുന്നുവെന്ന് ഉന്നതർ പറഞ്ഞു. അതിനാൽ കേടാകുന്നവ നന്നാക്കാൻ കഴിയില്ല. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെയാണു ഇവ വാങ്ങിയതെന്ന ന്യായത്തിൽ പൊലീസ് ആസ്ഥാനത്തെ ഉന്നതരെല്ലാം ഇപ്പോൾ കൈമലർത്തുകയാണ്. പകുതിയിലേറെ വിതരണം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ അതു മടക്കിയത്.
സംഘടിതമായി മടക്കിയെന്നും സംശയം
വാഹനം പരിശോധിക്കുമ്പോൾ ദൃശ്യങ്ങളും സംഭാഷണവും തൽസമയം കൺട്രോൾ റൂമിൽ കാണുന്നത് ഒഴിവാക്കാനാണ് പൊലീസുകാർ സംഘടിതമായി ക്യാമറകൾ മടക്കിയതെന്ന സംശയവും ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. ക്യാമറയുടെ ചൂട് സംബന്ധിച്ച പരാതി പരിശോധിക്കാനോ കമ്പനി പ്രതിനിധികളെ വിളിച്ചു വരുത്താനോ അധികൃതർ തയാറായിട്ടില്ല.