അംരോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍ ടവല്‍ മറന്നുവച്ചു. ഉത്തർപ്രദേശിലെ അംരോഹയിലെ ബൻസ് ഖേരി ഗ്രാമത്തിലാണ് സംഭവം. കേസിൽ സമഗ്രമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് സിംഗാൾ ഉത്തരവിട്ടിട്ടുണ്ട്.
അംറോഹയിലെ നൗഗവാന സാദത്ത് പൊലീസ് സ്റ്റേഷൻ പരിധിയില്‍ അനധികൃതമായി നടത്തിയിരുന്ന സെയ്ഫ് നഴ്സിംഗ് ഹോമിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ മത്‌ലൂബ് നസ്രാന എന്ന യുവതിയുടെ വയറ്റില്‍ ടവല്‍ മറന്നുവയ്ക്കുകയായിരുന്നുവെന്ന് സി.എം.ഒ പറയുന്നു. യുവതിക്ക് പിന്നീട് വയറുവേദന അനുഭവപ്പെട്ടപ്പോള്‍ പുറത്തെ തണുപ്പ് മൂലമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വീട്ടിലെത്തിയിട്ടും യുവതിയുടെ നിലയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഷംസീര്‍ അലി നസ്രാനയെ അംരോഹയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ ടവല്‍ ഉണ്ടെന്ന കാര്യം അറിയുന്നത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ടവല്‍ നീക്കം ചെയ്യുകയായിരുന്നു.
ഡോക്ടർ മത്‌ലൂബിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അലി സിഎംഒയ്ക്ക് പരാതി നൽകി.”മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്, വിഷയം പരിശോധിക്കാൻ നോഡൽ ഓഫീസർ ഡോ. ശരദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയൂ,” സിഎംഒ സിംഗാള് ചൊവ്വാഴ്ച പറഞ്ഞു.എന്നാൽ, ഷംസീർ അലി വിഷയത്തിൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുമെന്നും സി.എം.ഒ അറിയിച്ചു.