കാസർകോട്: ദേശീയപാതയിൽ കുമ്പള പാലത്തിനു സമീപം ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. അസീസ് കളത്തൂർ, എംപി ഖാലിദ്, ഇർഷാദ് മൊഗ്രാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധനകൾ മറികടന്നാണ് കുമ്പളയിൽ നിർമ്മാണം നടക്കുന്നതെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ഒരു കാരണവശാലും കുമ്പളയിൽ ടോൾ പ്ലാസ നിർമിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു. വിവരത്തെ തുടർന്ന് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. ലീഗ് പ്രവർത്തകരുമായി ചർച്ച നടത്തി. ശനിയാഴ്ച മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫുമായി ദേശീയപാത നിർമ്മാണ കമ്പനിയായ ഊരളുങ്കൽ സൊസൈറ്റിയുമായി ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ പ്രവർത്തകർ പിരിഞ്ഞു പോയി. അതുവരെ നിർമ്മാണ പ്രവൃത്തി നടത്തരുതെന്ന് കമ്പനിയോട് പൊലീസ് നിർദ്ദേശിച്ചു.