വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി

0
14

മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്രസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ നടപടിയാണിത്. ബി.ഡി കോളനിയിൽ ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയോടെയാണ് മദ്രസ നിർമിച്ചതെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയതോടെ സ്ഥാപന അധികൃതർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

തർക്കം വർഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ മദ്രസ പ്രവർത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിൻ്റെ പരിധിയിലായി. പിന്നാലെയാണ് മദ്രസ അധികൃതർ സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചുനീക്കിയത്. പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.

പാർലമെന്റിന്റെ ഇരുസഭകളിലും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. ഏപ്രിൽ എട്ടിന് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം ഭരണഘടന വിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നുമാണ് ഹരജികളിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here