പഹല്‍ഗാം ഭീകരാക്രമണം: ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട് കാസര്‍കോട്ടെ എട്ടംഗ കുടുംബം

0
3

നീലേശ്വരം (കാസര്‍കോട്): പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് കാസര്‍കോട് പരപ്പയിലെ എട്ടംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്. പരപ്പയിലെ സപ്‌ന ടെക്‌സ്‌റ്റൈല്‍സ് ഉടമ നിസാറും ബന്ധു കെ.പി സുഹൈലും കുടുംബവുമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.

ഭീകരാക്രമണം നടന്ന അതേ സമയത്തായിരുന്നു ഇവര്‍ക്ക് പഹല്‍ഗാമിലെ ബൈസരനില്‍ എത്തേണ്ടിയിരുന്നത്. കാലാവസ്ഥയിലുണ്ടായ വ്യത്യാസം കാരണം ഞായറാഴ്ച തന്നെ ഇവര്‍ ബൈസരനില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ബൈസരനിലെത്തുന്ന ടൂറിസ്റ്റുകളെല്ലാം വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വിശാലമായ പുല്‍മേടിലാണ് ഭീകരര്‍ ടൂറിസ്റ്റുകള്‍ക്ക് നേര വൈടിയുതിര്‍ത്തത്.

ടൂര്‍ പ്ലാനില്‍ മാറ്റം വരുത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തങ്ങളും ഭീകരാക്രമണത്തിന് ഇരയാകുമായിരുന്നുവെന്ന് സുഹൈല്‍ പറഞ്ഞു. സുഹൈല്‍, ഭാര്യ റോസ്ബ, മകള്‍ ഹലാസ്മി, നിസാര്‍, ഭാര്യ സാക്കിറ, മക്കള്‍ ഭാര്യാ സഹോദരി സുഹ എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.

ആക്രമണത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി നാവിക ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് കുടുംബ സമേതം ഇവര്‍ കാശ്മിരിലേക്ക് പോയത്. നെടുമ്പാശേരിയില്‍ നിന്നും വിമാനമാര്‍ഗം ഹൈദരാബാദിലേക്കും അവിടെ നിന്ന് കാശ്മീരിലേക്കുമായിരുന്നു യാത്ര. രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, അമ്മുവിന്റെ മക്കള്‍ ഇരട്ടകളായ രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് യാത്ര തിരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് രാമചന്ദ്രന്റെ മകള്‍ അമ്മു തൃപ്പൂണിത്തുറയിലുള്ള ബന്ധുവിനെ വിവരം അറിയിച്ചത്. മകള്‍ ആശുപത്രിയില്‍ എത്തി അഛന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരമാണ് അറിയിച്ചത്. രാമചന്ദ്രന്റെ മകന്‍ ബംഗലുരുവില്‍ ജോലി ചെയ്യുന്നതിനാല്‍ യാത്ര സംഘത്തില്‍ ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here