പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തുന്ന ഏതുനീക്കവും ശക്തമായി ചെറുക്കാന്‍ തയാറാണെന്ന് പാക് മന്ത്രി അസ്മ ബുഖാരി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള പ്രകോപനവും പ്രതിരോധിക്കാന്‍ പാക്കിസ്ഥാന് ശക്തിയുണ്ട്. തെറ്റായ ആരോപണത്തില്‍ ഇന്ത്യ ആക്രമണം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അസ്മ പറഞ്ഞു.
കഴിഞ്ഞ തവണ ഞങ്ങള്‍ ചായ നല്‍കി. എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്നും ബുഖാരി പറഞ്ഞു. 2019ലെ പുല്‍വാമ ഭീകരാക്രമണം പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വല്ലപ്പോഴും വരുന്ന അതിഥികളെ സഹിക്കാവുന്നതാണ്. എന്നാല്‍ അതിഥികള്‍ ഇടയ്ക്കിടെ വന്നാല്‍, പാകിസ്താന്‍ സൈന്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും ബുഖാരി എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പങ്കെടുത്തു. ഇന്നലെത്തന്നെ ഇന്ത്യ നയതന്ത്രത്തില്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനില്‍ വ്യോമാതിര്‍ത്ഥി അടച്ചു. ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി രാഷ്ട്രപതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം അമിത് ഷാ പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ സാഹചര്യവും രാഷ്ട്രപതിയെ അറിയിച്ചു. ജര്‍മ്മനി, ജപ്പാന്‍, പോളണ്ട്, യുകെ, റഷ്യ എന്നിവയുള്‍പ്പെടെ 20 ലധികം രാജ്യങ്ങളിലെ അംബാസഡര്‍മാരോട് പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നും ബീഹാറില്‍ നടന്ന പരിപാടിയില്‍ മോദി പറഞ്ഞു. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഈ ഭീകരാക്രമണം നടത്തിയവര്‍ ചിന്തിക്കാത്ത തരത്തില്‍ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരരെ കണ്ടെത്തും. ആക്രമണത്തെ ഭീരുത്വമെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നും വിശേഷിപ്പിച്ച മോദി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന മുഴുവന്‍ രാജ്യവും പങ്കിടുന്നുവെന്ന് വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസിലുള്‌ലവരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൗനം ആചരിച്ചശേഷമാണ് പ്രസംഗം ആരംഭിച്ചത്.