കണ്ണൂർ: ദേശീയപാത 66-ലെ നാല് റീച്ചുകൾ മേയ് 31-ന് തുറക്കും. തലപ്പാടി-ചെങ്കള (39 കിമി) ഉൾപ്പെടെ നാല് റീച്ചുകളിലെ അവസാനഘട്ട നിർമാണം നടക്കുകയാണ്. സിഗ്നൽ ബോർഡുകൾ ഒരുക്കുന്ന പ്രവൃത്തി തുടങ്ങുകയാണ്. പുതിയ നിർദേശപ്രകാരം അറിയിപ്പ് ബോർഡുകൾ മൂന്ന് ഭാഷകളിൽ ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇനി ഹിന്ദിയും എഴുതും. എന്നാൽ ദേശീയപാതയിലെ മീഡിയനുകളുടെ (നടുഭാഗം) വീതി അരമീറ്റർ മാത്രമായത് ബോർഡ് സ്ഥാപിക്കലിന് പ്രതിസന്ധിയുണ്ടാക്കുന്നു.
വളവ്, വേഗപരിധി ഉൾപ്പെടെ രേഖപ്പെടുത്തുന്ന ബോർഡുകൾ ഇവിടെ സ്ഥാപിക്കാൻ അഞ്ചരമീറ്റർ ഉയർത്തിവെക്കേണ്ടി വരും. താഴെ ഘടിപ്പിച്ചാൽ വാഹനങ്ങൾ തട്ടും. ഇത്രയും ഉയരത്തിലുള്ള സിഗ്നൽ ബോർഡുകൾ വാഹനയാത്രക്കാർ എങ്ങനെ കാണുമെന്നതും വിഷയമാണ്. 60 മീറ്ററിൽ ചെയ്യേണ്ട ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോഴുള്ള പ്രതിസന്ധിയാണിത്. 60 മീറ്ററിലെ ആറുവരിപ്പാതയിൽ മീഡിയനുകൾക്ക് മൂന്നുമുതൽ നാലുമീറ്റർ വരെ വീതിയുണ്ടാകും.
60 മീറ്റർ വീതിയുള്ള ദേശീയപാതകളിൽ മീഡിയനിലും ഇരുവശവും ചെറുപൂച്ചെടികൾ പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ദേശീയപാതയുടെ നടുവിൽ അലങ്കാരച്ചെടി നടാൻ സ്ഥലമില്ല. മറുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പ്രകാശം നേരിട്ട് അടിക്കുന്നത് തടയാനും കൂടിയാണ് ചെടികൾ നടുന്നത്. ചെടിക്ക് പകരം ആന്റി ഗ്ലെയർ റിഫ്ളക്ടറുകൾ സ്ഥാപിക്കാനാണ് ശ്രമം.
കാസർകോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററിൽ ആകെ 22 റീച്ചുകളുണ്ട്. 17 റീച്ചുകൾ പൂർത്തിയാകാൻ ബാക്കി. ഏറ്റെടുത്തത് 45 മീറ്റർ. 27 മീറ്റർ ആറുവരിപ്പാത. ഇരുവശവും 6.75 മീറ്റർ വീതം രണ്ട് സർവീസ് റോഡ്- 13.50 മീറ്റർ. രണ്ടുമീറ്റർ വീതമുള്ള നടപ്പാത (യൂട്ടിലിറ്റി കോറിഡോർ വിത്ത് ഫുട്‌പാത്ത്). അതിനപ്പുറം ക്രാഷ് ഗാർഡ്.
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന റീച്ചുകൾ:
തലപ്പാടി-ചെങ്കള (39 കിമി)-ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.
വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കിമി) -കെഎംസി കൺസ്ട്രക്ഷൻസ്.
രാമനാട്ടുകര-വളാഞ്ചേരി (39.68 കിമി)-കെഎൻആർ കൺസ്ട്രക്ഷൻ.
വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കിമി)-കെഎൻആർ കൺസ്ട്രക്ഷൻ.