കാസർകോട് ∙ മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കർണാടക സ്വദേശിയും നിലവിൽ മഞ്ചേശ്വരം കൊടിനയലിൽ താമസക്കാരനുമായ കലന്തർ ഷാഫി(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതി ബഡാജേ പൂച്ചത്ബയൽ എഎം മൻസിലിൽ മൂസയുടെ മകൻ മൊയ്‌തീൻ യാസിർ ഓടി രക്ഷപ്പെട്ടു. മണ്ണംകുഴി തെക്കേക്കുന്നിൽ കാറിൽ സൂക്ഷിച്ചിരുന്ന 130 ഗ്രാം ഹഷീഷ് ഓയിലുമായാണ് ഷാഫി പിടിയിലായത്. പിന്നീട് ഷാഫിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊയ്തീൻ യാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ നിന്ന് 320 ഗ്രം ഹഷീഷ് ഓയിൽ കൂടി കണ്ടെത്തുകയായിരുന്നു.
ഷാഫിയെ കഴിഞ്ഞ ആഴ്ചയിൽ 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാണ് ഇന്നലത്തെ അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.