ഉപ്പള.. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടു.
നിലവിൽ കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് നടത്തുന്നത് പ്രതിഷേധാർഹവും ജനങ്ങൾക്ക് ദുരിതമേൽപിക്കുന്ന നടപടിയുമാണ്. 60 കി.മീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ പിരിവ് നടത്തേണ്ടത് എന്നിരിക്കെ, കുമ്പളയിലെ ടോൾ ഗേറ്റ് നിയമ വിരുദ്ധമാണ്. ദേശീയപാത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവരുടെ ധൃതിപിടിച്ചുള്ള നിയമ വിരുദ്ധ ടോൾഗേറ്റ് സ്ഥാപിക്കുന്ന നടപടി പിൻവലിച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എം.എൽ.എ പറഞ്ഞു.
ഇത് സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി , മുഖ്യമന്ത്രി പിണറായി വിജയൻ ,ദേശീയ പാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവർക്ക് എം.എൽ.എ കത്തയച്ചു.