തിരുവനന്തപുരം: ഉത്തര കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പുമായി വൈദ്യുതി വകുപ്പ്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഉത്പാദനത്തില്‍ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് (24.04.2025) മുതല്‍ ശനിയാഴ്ച (26.04.2025) വരെ ഉത്തര കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടോടെ തകരാര്‍ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നതെന്നും കൂടുതല്‍ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം, വൈദ്യുതിയുടെ ആവശ്യകത കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കാനാകും എന്നും കെഎസ്ഇബി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതുകൊണ്ടുതന്നെ വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.