ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ ടൂത്ത് പേസ്റ്റ് ഫ്‌ളേവറുകള്‍ നമുക്ക് സുപരിചിതമാണ്, അല്ലേ? ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും.
ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ തന്നെ ഒരു ടൂത്ത് പേസ്റ്റ് രംഗത്തെത്തിയാലോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ? അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് കെഎഫ്‌സിയും ഹൈസ്‌മൈലും. ഇരു കമ്പനികളുടേയും പങ്കാളിത്തത്തോടെ അമേരിക്കയില്‍ ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുകയാണ്.
കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ടൂത്ത് പേസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ എങ്ങനെ പുതിയ ടൂത്ത് പേസ്റ്റിനെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്ക തുടക്കത്തില്‍ നിലനിന്നിരുന്നെങ്കിലും ഫ്രൈഡ് ചിക്കന്‍ പ്രേമികളെ ആകര്‍ഷിച്ച ടൂത്ത് പേസ്റ്റ് വില്‍പനയ്‌ക്കെത്തി ഒരാഴ്ച കഴിയുന്നതിന് മുമ്പേ ഓണ്‍ലൈനില്‍ വിറ്റ് തീര്‍ന്നതായാണ് വിവരം. 13 അമേരിക്കന്‍ ഡോളറാണ്(1,126.90 രൂപ) ഫ്‌ളൂറൈഡ് രഹിതമായ 60 ഗ്രാം ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റിന്റെ വില.
മസാലയോടുകൂടിയ നല്ല ചൂടുള്ള കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കന്‍ കടിക്കുന്ന പോലെയാണ് പുതിയ ടൂത്ത് പേസ്റ്റെന്നാണ് പുതിയ ഉത്പന്നം സംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.
റെഡ് വെല്‍വെറ്റ്, ഐസ് പോപ്പ്, കുക്കീസ് ആന്റ് ക്രീം, സ്‌ട്രോബറി ക്രീം തുടങ്ങി വ്യത്യസ്തമായ ഫ്‌ളേവറില്‍ ഹൈസ്‌മൈല്‍ ഇതിന് മുമ്പും ടൂത്ത് പേസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ് ഉപഭോക്താക്കളില്‍ പലരിലും കൗതുകവും സന്തോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലും ടൂത്ത് പേസ്റ്റിനെ കുറിച്ചുള്ള വിവിധ റിവ്യൂ വന്നുകഴിഞ്ഞു.
https://x.com/kylekruegerr/status/1907224497414873381?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1907224497414873381%7Ctwgr%5Ece484afca763931a378417f077604f5fc678decb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Ffood%2Fnews%2Fkfc-fried-chicken-toothpaste-trending-1.10496659