ഫാൻസി നമ്പറിനായി ഹരം കൊള്ളിക്കുന്ന ലേലം. ആയിരമോ പതിനായിരമോ അല്ല ഇത് ലക്ഷങ്ങളുടെ വിളിയാണ്. ചില നമ്പറുകൾ സ്വന്തമാക്കാൻ വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ ഒരു ലേലം വിളിയാണ് കൊച്ചി ആർടി ഓഫിസിൽ ഫാൻസി നമ്പറിനായി ഇന്ന് നടന്നത്. KL 07 DG 0007 എന്ന എറണാകുളം ആർടി ഓഫിസിന് കീഴിൽ വരുന്ന ഈ ഫാൻസി നമ്പറിനായിരുന്നു പൊരിഞ്ഞ വിളി.
പത്തോ ഇരുപതോ ലക്ഷത്തിനല്ല 45 ലക്ഷം രൂപയ്ക്കാണ് മറ്റുള്ളവരെ പിന്നിലാക്കി ഈ ഫാൻസി നമ്പർ ലേലത്തിൽ പോയത്. ഇതോടെ കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL07DG0007 ന് സ്വന്തം. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ നമ്പർ സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസ് എസ്‌യുവിക്ക് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി നമ്പർ ലേലത്തിൽ വിളിച്ചത്. 25000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്ന ഈ നമ്പർ സ്വന്തമാക്കാൻ അഞ്ച് പേരാണ് പോരാട്ടത്തിനിറങ്ങിയത്.
ഇതുമാത്രമല്ല മറ്റൊരു നമ്പറും ഉയർന്ന വിലയിൽ ലേലത്തിൽ പോയിട്ടുണ്ട്. KL 07 DG 0001 എന്ന ഫാൻസി നമ്പർ ലേലത്തിൽ പോയത് 25 ലക്ഷം രൂപയ്ക്കെന്നാണ് വിവരം. നാലു പേരാണ് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ഈ നമ്പറിനായി ബുക്ക് ചെയ്തത്. പിറവം സ്വദേശി തോംസൺ എന്നയാളാണ് നമ്പർ ലേലം വിളിച്ചെടുത്തത്.
KL 07 DG 0007 പിന്നിലാക്കിയത് 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്പറിന്റെ റെക്കോർഡാണ്. 2019 ൽ തിരുവനന്തപുരം സ്വദേശിയായ കെ എസ് ബാലഗോപാലായിരുന്നു അന്നത്തെ വാശിയേറിയ ലേലം വിളിക്കൊടുവിൽ നമ്പർ സ്വന്തമാക്കിയത്. തന്റെ പുതിയ പോർഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഈ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്.