വടകര∙ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലത്തിൽ തെളിഞ്ഞതോടെ എട്ട് മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന യുവതിക്കും യുവാവിനും ജാമ്യം അനുവദിച്ച് കോടതി. 58.53 ഗ്രാം എംഡിഎംഎ പിടിച്ചു എന്ന് ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ടവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 2024 ഓഗസ്റ്റ് 23ന് പുതുപ്പാടി അനോറേമ്മലിലെ വാടക വീട്ടിൽനിന്നാണ് തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീനയെ (42 ) താമരശ്ശേരി പൊലീസ് പിടികൂടിയത്.
പിന്നീട് പരപ്പൻപൊയിൽ തെക്കേ പുരയിൽ സനീഷ് കുമാറിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചക്ക് ഉള്ളിൽ ഹാജരാക്കേണ്ട രാസ പരിശോധന ഫലം വന്നത് 8 മാസം കഴിഞ്ഞാണ്. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്താനുമായില്ല. തുടർന്നാണ് വടകര എൻഡിപിഎസ് ജഡ്ജി വി.ജി.ബിജു ഇരുവർക്കും സ്വന്തം ജാമ്യം അനുവദിച്ചത്. റെജീന മാനന്തവാടി വനിതാ സ്പെഷൽ ജയിലിലും സനീഷ് കുമാർ കോഴിക്കോട് ജില്ലാ ജയിലിലുമായിരുന്നു. അന്യായമായി പുഷ്പയെയും സനീഷ് കുമാറിനെയും ജയിലിലടച്ച താമരശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ പി.പി.സുനിൽകുമാർ അറിയിച്ചു.