അമിത ഫോൺ ഉപയോഗം, ജങ്ക് ഫുഡ്..; കാസർകോട് വിദ്യാർഥികളിൽ കാഴ്ചവൈകല്യം വർധിക്കുന്നത് 10 ഇരട്ടി വേഗത്തിൽ

0
22

കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ കാഴ്ചവൈകല്യം വർധിക്കുന്നത് 10 ഇരട്ടിയിലേറെ വേഗത്തിൽ. പരിശോധനയ്ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതിവഴി നടത്തിയ 16 ക്യാംപുകളിൽനിന്നു മാത്രമായി 144 കുട്ടികളിലാണ് കാഴ്ച വൈകല്യം കണ്ടെത്തിയത്. ഈ കുട്ടികളിൽ 12 പേർക്ക് മാത്രമായിരുന്നു കാഴ്ചയെ ബാധിക്കുന്ന സാഹചര്യങ്ങൾ മുൻപ് ഉണ്ടായിരുന്നത്. തിമിരം, റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയവ ബാധിച്ച 14 കുട്ടികളെയും പരിശോധനയിൽ കണ്ടെത്തി. ആകെ 784 വിദ്യാർഥികളിലാണ് പരിശോധന നടത്തിയത്.

ഓഗസ്റ്റ് മുതൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ കാസർകോട് മുൻ‌സിപ്പാലിറ്റിയിലും പഞ്ചായത്തുകളിലെ സ്കൂളുകളിലുമായി പുരോഗമിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. അമിതമായ ഫോൺ, ടിവി ഉപയോഗം, ജങ്ക് ഫുഡ്, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ അമിത ഉപയോഗം, ആവശ്യമായ വെള്ളം കുടിക്കാതിരിക്കുന്നത്, സമയം തെറ്റിയുള്ള ആഹാരം, കൃത്യമായ പോഷകങ്ങൾ ഉള്ള ആഹാരങ്ങളുടെ അഭാവം, വ്യായാമമില്ലായ്മ, പകലുറക്കം, രാത്രി ഉറങ്ങാൻ വൈകുന്നത് ഒക്കെ ഈ കാഴ്ച വൈകല്യങ്ങൾക്കും കണ്ണിലെ മറ്റ് അസുഖങ്ങൾക്കും കാരണമാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

കാഴ്ച വൈകല്യങ്ങൾ കണ്ട കുട്ടികളിൽ വലിയ ശതമാനം പേരും മണിക്കൂറുകളോളം ഫോൺ ഉപയോഗം ഉള്ളവർ ആണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്മ മുതലായ വയർ സംബന്ധമായ അസുഖങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here