കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി. ഇവിടെ കാൽനട യാത്രക്കാർക്ക് നടന്നുപോകാൻ നടപ്പാതയും തയാറായിട്ടുണ്ട്. ദേശീയപാത ഇരു ഭാഗത്തേക്കും 3 വരി വീതം ആകെ 6 വരിയും സർവീസ് റോഡ് ഇരു ഭാഗത്തേക്കും 2 വരി വീതം 4 വരിയും ആയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരു ചക്രവാഹനം, കാർ, ബസ്, ലോറി, ആംബുലൻസ് തുടങ്ങിയ വിവിധ വാഹനങ്ങൾ നിശ്ചിത ലൈനുകളിലൂടെ പോകുന്ന വിധത്തിലാണ് ലൈൻ ക്രമീകരണം. മറ്റിടങ്ങളിലും പാത മാർക്ക് ചെയ്യൽ പുരോഗമിക്കുകയാണ്.
നിർമാണം അവസാന ഘട്ടത്തിലേക്ക്
തലപ്പാടി മുതൽ കാസർകോട് വരെയുള്ള ദേശീയപാതയിൽ ഇനി ഉപ്പള പാലത്തിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്. നിലവിൽ തലപ്പാടി മുതൽ ഉപ്പള ഗേറ്റ് ഹിദായത്ത് ബസാർ വരെ 14 കിലോമീറ്റർ നിർമാണം പൂർത്തീകരിച്ച് ഇരു ഭാഗത്തേക്കും വാഹനങ്ങൾ ദേശീയ പാതയിലൂടെയാണ് പോകുന്നത്. അതു കഴിഞ്ഞ് ഉപ്പള മേൽപാലത്തിന്റെ പണി നടക്കുന്നതിനാൽ ഹിദായത്ത് ബസാർ മുതൽ നയാബസാർ വരെ 2 കിലോമീറ്റർ സർവീസ് റോഡിലൂടെയാണ് വാഹനം കടന്നു പോകുന്നത്. നയാ ബസാർ മുതൽ താളിപ്പടുപ്പ് വരെ റോഡ് പണി പൂർത്തിയായ 19 കിലോമീറ്റർ ഭാഗത്ത് വാഹനങ്ങൾ വീണ്ടും ദേശീയ പാതയിൽ കയറുന്നു.
ഉപ്പള മേൽപാലത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. 3 ദിവസം കൊണ്ട് പൂർത്തീകരിച്ച് ഒരാഴ്ച കൊണ്ട് ഇതു വഴി വാഹനം കടത്തി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തലപ്പാടി മുതൽ താളിപ്പടുപ്പ് വരെ ദേശീയപാതയിൽ ഒരു തടസ്സവുമില്ലാതെ യാത്ര ചെയ്യാം. തലപ്പാടി മുതൽ കാസർകോട് വരെ നേരത്തെ ഒന്നര മണിക്കൂർ യാത്രാ സമയം വേണ്ടി വന്നിരുന്നത് ഇതോടെ 45 മിനിറ്റ് വരെയായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇതുവഴി പോകുന്ന വാഹനങ്ങൾ ഏറെ സമയം ഗതാഗതക്കുരുക്കിൽപ്പെട്ട് വലഞ്ഞിരുന്നു.
അടിപ്പാതയ്ക്ക് നീല നിറം
സർവീസ് റോഡിലൂടെ പോകുന്ന വാഹന യാത്രക്കാർക്ക് അടിപ്പാത തിരിച്ചറിയാൻ അടിപ്പാതയ്ക്ക് നീല നിറം നൽകിയിട്ടുണ്ട്. 3 വർഷമായി ദേശീയ പാത റോഡ് പണി നടക്കുന്നതിനാൽ വ്യാപാരികൾ വിഷമത്തിലായിരുന്നു. ചില സ്ഥലങ്ങളിൽ വ്യാപാരം തന്നെ മുടങ്ങിയിരുന്നു. പണി പൂർണമായി തീർന്ന തലപ്പാടി മുതൽ ഹൊസങ്കടി വരെയുള്ള മേഖലയിൽ ഇപ്പോൾ വ്യാപാര രംഗത്ത് ഉണർവുണ്ടായിട്ടുണ്ട്. കച്ചവട സ്ഥാപനത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ട്.
സർവീസ് റോഡിൽ വീണ്ടും ടാറിങ്
ഏപ്രിൽ 10 കഴിഞ്ഞാൽ എല്ലാ വാഹനങ്ങളും ദേശീയ പാതയിലുടെ കടത്തിവിട്ട് ഹൊസംഗഡി മുതൽ കുമ്പള വരെയുള്ള സർവീസ് റോഡിൽ അവസാന ഘട്ട ടാറിങ് നടത്തും. ഇതിനായി സർവീസ് റോഡ് അടച്ചിടും. ഉപ്പള പാലത്തിലടക്കം സർവീസ് റോഡ് നിർമിക്കാത്ത പ്രശ്നങ്ങളുമുണ്ട്.
മേൽനടപ്പാലങ്ങൾ തുറന്നു കൊടുത്തു
അടിപ്പാത ഇല്ലാത്ത തൂമിനാട്, മുട്ടംഗേറ്റ്, കുമ്പള പെട്രോൾ പമ്പിന് സമീപം, മൊഗ്രാൽ പുത്തുർ പഞ്ചായത്ത് ഓഫിസിനു സമീപം എന്നിവിടങ്ങളിൽ നടന്ന് പോകുന്നതിനുള്ള മേൽനടപ്പാലം പൂർത്തീകരിച്ച് തുറന്ന് കൊടുത്തു. ഉപ്പള ഭഗവതി ഗേറ്റിനു സമീപം, കുക്കാർ മംഗൽപാടി ഗവ.എൽ പി സ്കുളിന് സമീപം എന്നിവിടങ്ങളിൽ മേൽനടപ്പാലം നിർമാണം ആരംഭിച്ചിട്ടുണ്ട്.