ഉദുമ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്ത്രീകളായ രണ്ടുപേര്‍ക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവര്‍ക്കാണ് കാസര്‍കോട് സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ എന്നീ കാര്യങ്ങൾ ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചതായി എപിപി കാഞ്ഞങ്ങാട്ടെ പി.വേണുഗോപാലന്‍ നായര്‍ പറഞ്ഞു.
അതേസമയം, ഒന്നാംപ്രതി ടി.എം.ഉവൈസ്, ഏഴാംപ്രതി സൈഫുദ്ദീന്‍ ബാദുഷ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ നാലാംപ്രതി ആയിഷയ്ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. കേസിലെ രണ്ട് പ്രതികള്‍ വിദേശത്താണുള്ളത്. ഇവര്‍ക്കായി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ കേസായി. കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവസാനം കേസന്വേഷിച്ചത്. ഡിസംബര്‍ അഞ്ചിന് കേസിലെ പ്രധാന പ്രതികളായ ഉളിയത്തടുക്ക നാഷണല്‍ നഗര്‍ തുരുത്തി സ്വദേശി ബാര മിത്തല്‍ മാങ്ങാട് ബൈത്തുല്‍ ഫാത്തിമയിലെ ടി.എംഉബൈസ് (ഉവൈസ്-32), ഭാര്യ കെ.എച്ച്.ഷമീമ (ജിന്നുമ്മ-34), മുക്കൂട് ജീലാനി നഗറില്‍ താമസിക്കുന്ന പൂച്ചക്കാട്ടെ പി.എം.അസ്‌നഫ (37), മധൂര്‍ കൊല്യയിലെ ആയിഷ (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വര്‍ണം വില്‍ക്കാനും മറ്റും ഇവരെ സഹായിച്ച ഏഴാം പ്രതി പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ്.സൈഫുദീന്‍ ബാദുഷയും പിന്നീട് പിടിയിലായി. കേസില്‍ അഞ്ചും ആറും പ്രതികളായ പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവര്‍ അതിനിടയില്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇവര്‍ക്കായാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളുടെ പേരില്‍ 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. അതോടെ സ്വാഭാവിക ജാമ്യത്തിനുള്ള പ്രതികളുടെ വഴി അടഞ്ഞു. അതിനാല്‍ റിമാന്‍ഡായി നാലാംമാസമാണ് ജില്ലാ കോടതിയെ സമീപിച്ച് രണ്ടുപേര്‍ ജാമ്യം നേടിയത്.
പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്കു സമീപത്തെ ബൈത്തുറഹ്‌മയില്‍ എം.സി.അബ്ദുല്‍ ഗഫൂര്‍ ഹാജിയെ (55) ചുമരില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 1658 പേജുള്ള കുറ്റപത്രത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ബേക്കല്‍ ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ 227 സാക്ഷികളുണ്ട്. ശബ്ദപരിശോധനയടക്കം ശാസ്ത്രീയ, ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.