കർണാടകയിൽ ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

0
26

ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ 4 ന് മുമ്പ് ഡീസലിന്റെ വിൽപ്പന നികുതി 24 ശതമാനമായിരുന്നുവെന്നും ലിറ്ററിന് വിൽപ്പന വില 92.03 രൂപയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 2024 ജൂൺ 15 ന് കർണാടക സംസ്ഥാന സർക്കാർ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയർത്തിയത്.

വർധനവിന് ശേഷവും, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസൽ വില കുറവാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഹൊസൂരിൽ (തമിഴ്‌നാട്) 94.42 രൂപയും, കാസർഗോഡിൽ (കേരളം) 95.66 രൂപയും, അനന്തപുരയിൽ (ആന്ധ്രാപ്രദേശ്) 97.35 രൂപയും ഹൈദരാബാദിൽ (തെലങ്കാന) 95.70 രൂപയും കാഗലിൽ (മഹാരാഷ്ട്ര) 91.07 രൂപയുമാണ് വിലയെന്നും സർക്കാർ പറഞ്ഞു. അതേസമയം വിലവർധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് സർക്കാർ വസ്തുക്കൾക്ക് ഒന്നൊന്നായി നികുതി ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക വിമർശിച്ചു. സംസ്ഥാന സർക്കാർ വില വർധിപ്പിക്കുകയാണെന്നും ദരിദ്രരുടെയും ഇടത്തരക്കാരുടെയും രക്തം കുടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാലിന്റെ വില വർധിപ്പിച്ചു, മാലിന്യ ശേഖരണത്തിന് സെസ് ഏർപ്പെടുത്തി, ഇപ്പോൾ പെട്ടെന്ന് ഡീസലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡീസലിന്റെ വില വർദ്ധിച്ചാൽ പാൽ, പച്ചക്കറികൾ, പഴങ്ങൾ, പലചരക്ക് സാധനങ്ങൾ, ടാക്സികൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വില വർധിക്കുമെന്ന് സ്വയം പ്രഖ്യാപിത സാമ്പത്തിക വിദഗ്ദ്ധനായ സിദ്ധരാമയ്യയ്ക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഡീസൽ വില വർധനവിന്റെ പേരിൽ ബസ് ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കുമെന്നതിൽ സംശയമില്ലെന്നും അശോക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here