ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.
സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആർക്കെങ്കിലും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവർക്ക് നേരെ വന മേഖലയിൽ നിന്ന് ആക്രമണം ഉണ്ടായി. തുടർന്ന് സൈനികരും തിരികെ വെടിയുതിർക്കുകയായിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശമാണ് തങ്മാർഗ്.