ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കയാണ് കാറിന്റെ റേഞ്ച്. ചാര്‍ജ് തീര്‍ന്ന് വാഹനം വഴിയിലാകുമോ എന്ന ചിന്തയാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങളെടുക്കാന്‍ പദ്ധതിയിടുന്നവരെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചാലോ?
അത്തരത്തിലൊരു പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകളാണ് സര്‍ക്കാര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇസ്രയേല്‍ ആസ്ഥാനമായ ഇലക്ട്രിയോണ്‍ എന്ന സ്വകാര്യ കമ്പനിയുമായി ഇതുസംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍ഡെക്ടീവ് ചാര്‍ജിംഗ് സംവിധാനത്തിലൂടെ ഓട്ടത്തില്‍ തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാകും റോഡുകള്‍. മൊബൈല്‍ ഫോണിലെ വയര്‍ലെസ് ചാര്‍ജിംഗിന് സമാനമായ സാങ്കേതിക വിദ്യയാണിത്. റോഡിലെ പ്രതലത്തില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് കോയിലുകളാണ് ഇലക്ട്രിക് വാഹനങ്ങളില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്നത്.
പവര്‍ ഗ്രിഡുമായി ഘടിപ്പിച്ച കാന്തിക കോയിലുകള്‍ റോഡിന് മുകളില്‍ ഒരു ഇലക്ട്രോ മാഗ്‌നെറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുകയും വാഹനത്തിലെ ബാറ്ററിയിലുള്ള റിസീവറിലേക്ക് വൈദ്യുതി കൈമാറുകയും ചെയ്യും. ഇതിലൂടെ റോഡിലൂടെ ഓടുന്ന വാഹനത്തിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നത്. ക്ലൗഡ് അധിഷ്ഠിത മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ ഇതെല്ലാം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും.
ഇലക്ട്രിക് കാറുകള്‍ കൂടാതെ ഇലക്ട്രിക് ബസുകളും, ഇലക്ട്രിക് ട്രക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സംസ്ഥാന പാതകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. നെടുമ്പാശേരി വിമാനത്താവളം-കാലടി, നെടുമ്പാശേരി-അങ്കമാലി, നിലയ്ക്കല്‍-പമ്പ, വിഴിഞ്ഞം-ബാലരാമപുരം എന്നീ റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.