കൈയിലുള്ള സ്വര്‍ണം വില്‍ക്കേണ്ടി വരുന്നത് വളരെ അത്യാവശ്യഘട്ടങ്ങളിലായിരിക്കും പലപ്പോഴും. എന്നാല്‍ ഇത്തരത്തില്‍ വില്‍ക്കേണ്ടി വരുന്ന അവസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. വില്‍ക്കാനെടുക്കുന്ന സമയം, അതിനായുള്ള ചെലവുകള്‍ എന്നിവയ്ക്ക് പുറമേ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വരെ വില്‍ക്കാന്‍ തടസങ്ങളാകാറുണ്ട്.
സ്വര്‍ണം വില്‍ക്കേണ്ട സമയത്ത് അത് ഒരു മെഷീനില്‍ നിക്ഷേപിക്കുമ്പോള്‍ തൂക്കത്തിനും പരിശുദ്ധിയ്ക്കും അനുസരിച്ച് കൃത്യമായ പണം നല്‍കിയാലോ? അത്തരത്തിലൊരു മെഷീന്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലല്ല, ചൈനയിലാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തം. ചൈനയില്‍ ഇതോടകം വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ എടിഎം മെഷീനുകള്‍ക്ക് സമാനമായി സ്വര്‍ണം വില്‍ക്കാനുള്ള മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ചൈനയിലെ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കുന്ന മെഷീനുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതോടകം വൈറലായിട്ടുണ്ട്. ഷാങ്ഹായിലെ തിരക്കേറിയ മാളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ചെറിയ മെഷീന്‍ പരമ്പരാഗത ആഭരണശാലകള്‍ക്ക് ബദലാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി തത്സമയം പരിശോധിക്കുന്നതിനാലും, തത്സമയ വിലനിര്‍ണ്ണയം നടത്തുന്നതിനാലും, പണം അപ്പോള്‍ തന്നെ ലഭിക്കുന്നതിനാലും ഉപഭോക്താക്കളും ഇത്തരം എടിഎമ്മുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
ഗോള്‍ഡ് എടിഎം മെഷീന്‍ ആദ്യം സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ഭാരവും അളക്കും. അതിന് ശേഷം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കുന്നു. തുടര്‍ന്ന് മെഷീന്‍ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചിന്റെ തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു. നാമമാത്രമായ സേവന ഫീസ് കുറച്ചുകൊണ്ട് ബാക്കി തുക ഉടമകള്‍ക്ക് നല്‍കുന്നതാണ് സേവനം.
ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഇതുവരെ ചൈനയിലെ ഏകദേശം 100 നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഷാങ്ഹായില്‍ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഓട്ടോമേറ്റഡ് സ്വര്‍ണ്ണ ഇടപാടുകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഗോള്‍ഡ് എടിഎം വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.