ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയിൽ വഴിയാണ് ‘നിന്നെ ഞാൻ കൊല്ലും’ എന്ന മൂന്ന് വാക്കുകൾ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഭീഷണിയെത്തുടർന്ന്, ഗംഭീർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീർ എക്സിൽ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നുമായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്ഐഎസ് കശ്മീർ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീർ നൽകിയ പരാതിയിൽ പറയുന്നു.
ഫ്രാൻസിൽ കുടുംബസമേതം അവധിക്കാലം ആഘോഷിച്ചശേഷം അടുത്തിടെയാണ് ഗംഭീർ ഇന്ത്യയിൽ മടങ്ങിയെത്തിയത്.