കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപാണ് അപകടം ഉണ്ടായത്.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു അപകടം. ഇന്ന് മത്സരത്തിന്‍റെ ഫൈനലായിരുന്നു. കവുങ്ങിന്‍റെ തടികൊണ്ട് നിർമ്മിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലും കോത മംഗലത്തുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 ഓളം പേരെ ആശുപത്രിയിലെത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. 15 പേർ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും 5 പേർ കോതമംഗലം ധർമഗിരി ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്.