മീറഠ്: ആർഎസ്എസിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ മീറഠിൽ പ്രൊഫസർക്ക് പരീക്ഷാ ചുമതലകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ കോളജിലെ പൊളിറ്റിക്കൽ സയൻസ് ചുമതലയുള്ള പ്രൊഫസർ സീമാ പൻവാറിനെയാണ് ചൗധരി ചരൺ സിങ് യൂണിവേഴ്‌സിറ്റി (സിസിഎസ്‌യു) വിലക്കിയത്. ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി പ്രവർത്തകർ ചോദ്യപേപ്പറിനെതിരെ കാമ്പസിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.
പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥികളുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടാണ് വിവാദം. ചോദ്യപേപ്പറിൽ ആർഎസ്എസുമായി ബന്ധപ്പെട്ട രണ്ട് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരുന്നു. ആർഎസ്എസിന്റെ വളർച്ചക്ക് കാരണമായത് എന്താണ് എന്നായിരുന്നു 87-ാമത്തെ ചോദ്യം. മതപരവും ജാതീയവുമായ രാഷ്ട്രീയം എന്നായിരുന്നു അതിന് നൽകിയ ഉത്തരങ്ങളിലൊന്ന്. അതുപോലെ 97-ാമത്തെ ചോദ്യം ആർഎസ്എസും ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് ആൻഡ് നക്‌സലൈറ്റ്‌സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി വിലയിരുത്തിയതിന് ശേഷമാണ് പ്രഫസറെ പരീക്ഷ മൂല്യനിർണയ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ധീരേന്ദ്ര കുമാർ വർമ പറഞ്ഞു. വിവിധ വിഷയങ്ങളിലെ വിദഗ്ധർ തയാറാക്കുന്ന ചോദ്യപേപ്പറുകൾ ഒരിക്കലും യൂണിവേഴ്‌സിറ്റി അധികൃതർ വിലയിരുത്താറില്ല. അത് തയാറാക്കുന്നവർ അതത് വിഷയങ്ങളിൽ അഗ്രഗണ്യരാണെന്നും നിയമാനുസൃതമായി കാര്യങ്ങൾ ചെയ്യുന്നവരാണെന്നും അവരവരുടെ താത്പര്യങ്ങൾ അതിൽ പ്രതിഫലിക്കാറില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രൊഫസർ യൂണിവേഴ്‌സിറ്റി അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ നൽകി. എന്നാൽ ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നും സിലബസിന് പുറത്തുള്ള ഒരു ചോദ്യം പോലും ചോദ്യപേപ്പറിൽ ഇല്ലെന്നും അവർ കത്തിൽ വിശദീകരിക്കുകയും ചെയ്തു.
25 വർഷമായി അധ്യാപന രംഗത്തുള്ള ഒരാളാണ് താൻ. തയ്യാറാക്കിയ ചോദ്യപേപ്പറിൽ ഒരു ചോദ്യം പോലും സിലബസിൽ നിന്ന് പുറത്തുനിന്നുള്ളതല്ല. ശരിയായ ഉത്തരങ്ങൾ തെരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സിസിഎസ്‌യു കരിക്കുലം അംഗീകരിച്ചതാണ് എം. ലക്ഷ്മീകാന്തിന്റെ പുസ്തകം. അതാണ് രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്നത്. ആ പുസ്തകത്തിൽ മത സമ്മർദ ഗ്രൂപ്പിൽപ്പെട്ട സംഘടനകളുടെ സ്ഥാനത്ത് ഒന്നാമതായാണ് ആർഎസ്എസിനെ കുറിച്ച് പറയുന്നത്. അതുകൊണ്ടാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് എന്നാണ് പ്രൊഫസറുടെ വിശദീകരണം.