ഏതെങ്കിലുമൊരു ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം. ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ആപ്പിൾ ഡിവൈസുകളിൽ ഒന്നിലധികം അപകടകരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തി എന്നാണ് മുന്നറിയിപ്പ്. വ്യക്തിഗത ഉപയോക്താക്കൾക്കൊപ്പം കമ്പനികൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ആപ്പിൾ ഉപകരണങ്ങളുടെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെന്നും മുന്നറിയിപ്പിലുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ആപ്പിൾ ഉപയോക്താക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പിൾ ഡിവൈസുകളിൽ ഒന്നിലധികം അപകടകരമായ സുരക്ഷാ പിഴവുകൾ സെര്‍ട്ട്-ഇന്‍-ലെ ഗവേഷകർ കണ്ടെത്തി. ഇത് ഗുരുതരമായ സ്വകാര്യത ഭീഷണി ഉയർത്തുന്നു.
ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് നിങ്ങളുടെ ഡിവൈസുകളിലേക്ക് നുഴഞ്ഞുകയറാനോ, നിങ്ങളുടെ ഡാറ്റ കവരാനോ, ഡിവൈസിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനോ കഴിയുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ‘CIVN-2025-0071’ എന്ന പേരിലുള്ള ഒരു അഡ്വൈസറിയിലാണ് സെര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പിഴവുകൾ ഐഓഎസ്, മാക്ഒഎസ്, ഐപാഡ്ഒഎസ്, സഫാരി ബ്രൗസർ, മറ്റ് ആപ്പിൾ സോഫ്റ്റ്‌വെയറുകൾ എന്നിവയെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ഉപയോക്താക്കൾ ഉടൻ തന്നെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്ട്-ഇന്‍ നിർദേശിച്ചു. ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലെങ്കിൽ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് വേണം അപ്‌ഡേഷൻ. നിലവിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ആപ്പിൾ സുരക്ഷാ പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഭാവിയിൽ എല്ലാ സുരക്ഷാ പാച്ചുകളും കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരത്തിൽ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ഓണാക്കാനും സെര്‍ട്ട്-ഇന്‍ നിർദേശിക്കുന്നുണ്ട്.