ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും സുപ്രീം കോടതി അറിയിച്ചു.
ഈ ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ യാതൊരു നിയമനവും നടത്തില്ല. വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാനും പോകുന്നില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽകുന്നതായിരിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.
നിയമം സ്റ്റേ ചെയ്യരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. നേരിട്ടോ പരോക്ഷമായോ നിയമം സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്ന് തുഷാർ മേത്ത സുപ്രീം കോടതി അറിയിച്ചു. എന്നാൽ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചത്. സ്റ്റേ ചെയ്യണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം മാറരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.