മഞ്ചേശ്വരത്ത് വരും, കെഎസ്ഇബിയുടെ 200 കോടിയുടെ പദ്ധതികൾ

0
18

മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ വിവിധ സെക്‌ഷനുകളിലായി അടുത്ത മൂന്നു വർഷത്തിൽ വൈദ്യുതിമേഖലയിൽ 200 കോടിയുടെ പദ്ധതികൾ നടപ്പാക്കും. എ.കെ.എം. അഷ്‌റഫ്‌ എംഎൽഎ വിളിച്ചുചേർത്ത മഞ്ചേശ്വരം നിയോജകമണ്ഡലംതല കെഎസ്ഇബി യോഗത്തിൽ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്ക്‌ നേരിട്ട് ലഭിച്ച വിവിധ പരാതികളും ചർച്ചചെയ്തു. വൈദ്യുതിപദ്ധതിയിൽ കഴിഞ്ഞ വർഷം 15 കോടിയുടെ പ്രവൃത്തി മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇതിൽ 21.4 കിലോമീറ്റർ 11 കെവി ലൈനും 39.5 കിലോമീറ്റർ എൽടി ലൈനും 38 ട്രാൻസ്‌ഫോർമറുകളും 55.47 കി.മി. സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസ് ആക്കുകയും 79532 സ്പേസർ ഇടുകയും 24 ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ സ്ഥാപിക്കുകയും ചെയ്തതായി എക്സി. എൻജിനീയർ അറിയിച്ചു.

ക്രമാതീതമായി ഉയരുന്ന ലോഡ് കാരണവും ഇലക്‌ട്രിക് നെറ്റ്‌വർക്ക് പ്രശ്നവും കാരണം ഉണ്ടാവുന്ന വൈദ്യുതതടസ്സം മൂലം ഒരുപാട്‌ പരാതികൾ ലഭിക്കുന്നുണ്ട്. കാസർകോട് മഞ്ചേശ്വരം താലൂക്കുകളിലെ വൈദ്യുതതടസ്സം ഒഴിവാക്കാനായി മൈലാട്ടി വിദ്യാനഗർ സിംഗിൾ സർക്യൂട്ട് 110 കെ.വി. ലൈൻ മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ആക്കി മാറ്റുന്ന പ്രവൃത്തി നടന്നുവരികയാണെന്നും ഒരു വർഷത്തിനകം പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നും എക്സി. എൻജിനീയർ അറിയിച്ചു.

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഷമീന, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലാവിനോ മോന്താരോ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ, എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, വൊർക്കാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പാടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ എം. ഷംസീന, കെഎസ്ഇബി എക്സി. എൻജിനീയർ നാഗരാജ് ഭട്ട്, അസി. എക്സി. എൻജിനീയർ പി.പി. നന്ദകുമാർ, അഷ്‌റഫ്‌ കൊടിയമ്മ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here