നിർമാണം പൂർത്തിയായിട്ടും തുറക്കാതെ ബേക്കൂർ കുടുംബക്ഷേമ കേന്ദ്രം

0
32

ഉപ്പള : ബേക്കൂർ കുടുംബക്ഷേമ കേന്ദ്രത്തിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ നടപടിയില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. 40 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. നാല് വർഷം മുൻപ് വരെ ഇവിടെ പ്രതിരോധ കുത്തിവെപ്പുകളും ശുശ്രൂഷകളും നടന്നിരുന്നു. ഓടുകളിളകിയും കോൺക്രീറ്റ് പാളികൾ അടർന്നുവീണും ചോർന്നൊലിച്ചും തീർത്തും അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ സ്ഥിതിയെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് അന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്ക് വിവിധ സംഘടനകളും ജനപ്രതിനിധികളും നിവേദനം നൽകിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി തൊട്ടടുത്തുള്ള ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോഴും അവിടെത്തന്നെ പ്രവർത്തനം തുടരുകയാണ്.

മംഗൽപ്പാടി പഞ്ചായത്തിലെ ആറ് വാർഡുകളിൽനിന്ന് പ്രതിരോധ കുത്തിവെപ്പുകളുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഗർഭിണികളും നവജാത ശിശുക്കളും നൂറുകണക്കിനാളുകളും ഇവിടെയെത്തുന്നുണ്ട്. പഞ്ചായത്തിന് കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതെങ്കിലും കെട്ടിടനിർമാണത്തിനുള്ള ഭാരിച്ചതുക ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ എ.കെ.എം. അഷ്റഫ് എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ നടന്നിട്ടില്ല. ഇതാണ് കെട്ടിടം തുറക്കാൻ വൈകുന്നതെന്നും വൈദ്യുതീകരണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. അതേസമയം പുതിയ കെട്ടിടത്തിന് സമീപം കാടുകയറിയ അവസ്ഥയാണ്. കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർന്നിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here