കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഷര്‍ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില്‍ എത്തിയ ഇരുവരും ഒരേ നിറത്തിലുള്ള ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നീട് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇരുഭാഗത്ത് നിന്നുമായി കൂടുതല്‍ പേര്‍ എത്തുകയുമായിരുന്നു. സംഘര്‍ഷം പുറത്തേക്കും നീണ്ടതോടെയാണ് പൊലീസും നാട്ടുകാരും ഇടപെട്ടത്.
യുവാക്കള്‍ തമ്മില്‍ മുന്‍പ് സംഘര്‍ഷമുണ്ടായിരുന്നതായാണ് വിവരം. ഇതിന്റെ തുടര്‍ച്ചയായിട്ടുള്ള പ്രശ്‌നമാണ് തുണിക്കടയില്‍ ഉണ്ടായതെന്നാണ് സൂചന. പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.