കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
100 വീടുകള്‍ നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ കുറേ കാത്തിരുന്നു. പക്ഷേ, വൈകിപ്പോകുന്നതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. വൈകാതെതന്നെ അവിടെ പുനരധിവാസം ഉറപ്പുവരുത്തണം. അതിനുവേണ്ടി മുസ്ലിം ലീഗ് തന്നെ സ്ഥലമെടുത്ത് ബാക്കി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും, ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നോമ്പ് കഴിഞ്ഞാലുടനെ വീടുകളുടെ പണി തുടങ്ങണം. അതുകൊണ്ട് ഇനി കാത്തിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ജനങ്ങളോട് മറുപടി പറയേണ്ടതല്ലേ. അതുമാത്രമല്ല, ഇപ്പോള്‍ കണ്ടിരിക്കുന്ന സ്ഥലം ടൗണിനോടടുത്താണ്. അനുയോജ്യമാണ് എന്ന് തോന്നി. സര്‍ക്കാരിന്റെ സഹായം എല്ലാവര്‍ക്കും കിട്ടുമല്ലോ, കുഞ്ഞാലിക്കുട്ടി പറഞ്ഞു.