മഞ്ചേശ്വരം ഉദ്യാവറില്‍ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് ഉപ്പള കണ്ണാടിപ്പാറ സ്വദേശി മരിച്ചു

0
15

കാസര്‍കോട്: ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, കെദങ്കാറു, കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്‌മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഞ്ചേശ്വരം, ഉദ്യാവര്‍, റഫഹാളിനു സമീപത്താണ് അപകടം.

സ്‌കൂട്ടര്‍ ചാര്‍ജ്ജു ചെയ്യാനായി തലപ്പാടിയിലേക്ക് പോവുകയായിരുന്നു സുഹൃത്തുക്കളായ മുഹമ്മദ് അന്‍വാസും ഫസല്‍ റഹ്‌മാനും. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു മുഹമ്മദ് അന്‍വാസ്. ഇരുവരുടെയും അടുത്ത സുഹൃത്തായ ഒരാള്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തിനു കൂട്ടിരിക്കാനാണ് ഇരുവരും രാത്രിയില്‍ ഉപ്പളയില്‍ എത്തിയത്. രാവിലെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാനായി പോകുന്നതിനിടയിലാണ് സുഹൃത്തുക്കളായ ഇരുവരും അപകടത്തില്‍ പെട്ടത്. ഇരുവരെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുഹമ്മദ് അന്‍വാസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉപ്പളയിലെ ഒരു മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച മുഹമ്മദ് അന്‍സാഫ്

അപകടത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലാണ്. നബീസയാണ് മുഹമ്മദ് അന്‍വാസിന്റെ മാതാവ്. ഏക സഹോദരി: അന്‍സിഫ.

LEAVE A REPLY

Please enter your comment!
Please enter your name here