ഉത്തര്‍പ്രദേശില്‍ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എ പാന്‍ മസാല ചവച്ചുതുപ്പിയെന്ന് സ്പീക്കര്‍ സതീഷ് മഹാന. ചൊവ്വാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായാണ് സതീഷ് മഹാന ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിയമസഭയ്ക്കുള്ളില്‍ പാന്‍ മസാല ചവച്ചുതുപ്പിയ എംഎല്‍എ ആരെന്ന് സ്പീക്കര്‍ വെളിപ്പെടുത്തിയില്ല.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സഭയിലെത്തി സ്വന്തം നിലയില്‍ വൃത്തിയാക്കിയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പാന്‍മസാല സഭയില്‍ ചവച്ചുതുപ്പിയ എംഎല്‍എയുടെ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നതായും എന്നാല്‍ ആരെയും അപമാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്നും സ്പീക്കര്‍ അറിയിച്ചു.
അസംബ്ലി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആരോപണവിധേയനായ എംഎല്‍എ സ്വന്തംനിലയ്ക്ക് മുന്നോട്ടുവന്ന് അങ്ങനെ ചെയ്തുവെന്ന കാര്യം സമ്മതിക്കുന്നത് നല്ല കാര്യമാണ്. അല്ലാത്തപക്ഷം താന്‍ അവരെ വിളിപ്പിക്കുമെന്നും സ്പീക്കര്‍ സതീഷ് മഹാന പറഞ്ഞു.