ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ. 3,400 കോടി രൂപയുടെ അടുത്താണ് ഇദ്ദേഹത്തിന്റെ ആസ്തി. 1,413 കോടി രൂപയിലേറെ ആസ്തിയുമായി കര്‍ണാടകയിലെ കനകപുര മണ്ഡലത്തിലെ എംഎല്‍എയും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് രണ്ടാമത്.
സിറ്റിങ് എംഎല്‍എമാരുടെ മാത്രം കണക്കെടുക്കുമ്പോള്‍ നിലവില്‍ മാത്യു കുഴല്‍നാടനാണ് സ്വത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒന്നാമതുള്ളത്. എന്നാല്‍ എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് നിലമ്പൂര്‍ മുന്‍ എംഎല്‍എയായ പി.വി. അന്‍വറിനാണ്. 64.14 കോടി രൂപയുടെ സ്വത്തുള്ള അദ്ദേഹം എഡിആര്‍ തയ്യാറാക്കിയ, രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാരുടെ പട്ടികയില്‍ 208-ാമതാണ്. സ്വത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രണ്ടാമനായ മാത്യു കുഴല്‍നാടന്‍ ദേശീയതലത്തില്‍ 379-ാമതാണ്. 34.77 കോടിയാണ് മൂവാറ്റുപുഴ എംഎല്‍എയുടെ ആകെ സ്വത്ത് മൂല്യം. 481-ാമതുള്ള പാല എംഎല്‍എ മാണി സി. കാപ്പന്‍ (27.93 കോടി), 664-ാമതുള്ള പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ (19.38 കോടി) എന്നിവരാണ് കേരളത്തിലെ കണക്കില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങള്‍ വിശകലനം ചെയ്താണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലേയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേയും 4,092 എംഎല്‍എമാരുടെ സ്വത്തുവിവരങ്ങളാണ് എഡിആര്‍ പരിശോധിച്ചത്. സത്യവാങ്മൂലം വായിക്കാന്‍ കഴിയാത്ത 24 എംഎല്‍എമാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. ഒഴിഞ്ഞുകിടക്കുന്ന ഏഴ് മണ്ഡലങ്ങളുടെ വിവരങ്ങളും ലഭ്യമല്ല.
ഏറ്റവും കൂടുതല്‍ സ്വത്തുള്ള എംഎല്‍എ മാത്രമല്ല, ഏറ്റവും കുറവ് സ്വത്തുള്ള എംഎല്‍എയും ബിജെപിക്കാരന്‍ തന്നെയാണ്. പശ്ചിമബംഗാളിലെ ഇന്ദാസ് മണ്ഡലത്തിലെ എംഎല്‍എയായ നിര്‍മല്‍ കുമാര്‍ ധരയാണ് എഡിആര്‍ റിപ്പോര്‍ട്ടിലെ ഏറ്റവും സ്വത്ത് കുറഞ്ഞ എംഎല്‍എ. വെറും 1,700 രൂപയുടെ സ്വത്താണ് ഇദ്ദേഹം സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ധനികരായ പത്ത് എംഎല്‍എമാരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നാണ്. ധനികരായ 20 പേരുടെ പട്ടികയില്‍ ആന്ധ്രയ്ക്ക് ഏഴുപേരുണ്ട്. ഹിന്ദുപുര്‍ എംഎല്‍എയും നടനുമായ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയും ഐടി മന്ത്രി നര ലോകേഷും ഈ പട്ടികയിലുണ്ട്. ബാലയ്യയുടെ മകളുടെ ഭര്‍ത്താവാണ് നര ലോകേഷ്.
എംഎല്‍എമാരുടെ ആകെ സ്വത്ത് ഏറ്റവും കൂടുതലുള്ളത് കര്‍ണാടകയ്ക്കാണ്. 223 എംഎല്‍എമാര്‍ക്കായി 14,179 കോടി രൂപയുടെ സ്വത്താണുള്ളത്. മഹാരാഷ്ട്രയിലെ 286 എംഎല്‍എമാര്‍ക്ക് 12,424 കോടിയും ആന്ധ്ര പ്രദേശിലെ 174 എംഎല്‍എമാര്‍ക്ക് 11,323 കോടി രൂപയുമാണ് സ്വത്ത് മൂല്യം.
എംഎല്‍എമാരുടെ ആകെ സ്വത്തില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 60 എംഎല്‍എമാര്‍ക്ക് എല്ലാവര്‍ക്കും കൂടി 90 കോടിയുടെ സ്വത്താണുള്ളത്. മണിപ്പുരിലെ 59 എംഎല്‍എമാര്‍ക്ക് 222 കോടി രൂപയും പുതുച്ചേരിയിലെ 30 എംഎല്‍എമാര്‍ക്ക് 297 കോടി രൂപയുടെ സ്വത്തുമാണുള്ളത്.
രാജ്യത്തെ 4,092 സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാവര്‍ക്കുമായി 73,348 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. 2023-24 സാമ്പത്തികവര്‍ഷത്തെ നാഗാലാന്‍ഡിന്റേയും (23,086 കോടി) ത്രിപുരയുടേയും (26,892 കോടി) മേഘാലയയുടേയും (22,022 കോടി) ബജറ്റുകള്‍ ഒന്നിച്ചുകൂട്ടിയാലുള്ളതിനേക്കാള്‍ വലിയ തുകയാണ് ഇത്.
എംഎല്‍എമാരുടെ ആകെ സ്വത്ത് കണക്ക് കൂട്ടുമ്പോള്‍ ബിജെപിയാണ് മുന്നില്‍. 1,653 ബിജെപി എംഎല്‍എമാരുടെ ആകെ ആസ്തി 26,270 കോടി രൂപയുടേതാണ്. 646 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇത് 17,357 കോടി രൂപയാണ്. ടിഡിപിയുടെ 134 എംഎല്‍എമാര്‍ക്കെല്ലാവര്‍ക്കുമായി 9,108 കോടിയുടെ സ്വത്തുക്കളാണുള്ളത്. 59 എംഎല്‍എമാരുള്ള ശിവ്‌സേനയ്ക്ക് 1,758 കോടി, 123 എംഎല്‍എമാരുള്ള ആം ആദ്മി പാര്‍ട്ടിക്ക് 7.33 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.