ലഹരി ഉറവിടത്തെ കുറിച്ച് വിവരം നൽകിയാൽ പതിനായിരം രൂപ ഇനാം; പോരാട്ടത്തിനിറങ്ങി ഒതുക്കുങ്ങൽ പഞ്ചായത്ത്

0
18

മലപ്പുറം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിറങ്ങി മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉറവിടം സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയാണ് പാരിതോഷികമായി ലഭിക്കുക. പഞ്ചായത്തിനെ പൂര്‍ണമായി ലഹരിമുക്തമാക്കുക എന്നതാണ് ഇതുവഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മൂസ കടമ്പോട്ട് പറഞ്ഞു. വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം മാത്രമല്ല, വേറെയും ഒട്ടേറെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ പഞ്ചായത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരിവ്യാപനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. സ്‌കൂളുകളിലൊന്നും ലഹരി ഇല്ല. എന്നാല്‍ നാട്ടില്‍ ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. ഇവിടെ അടുത്തുള്ളൊരു ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മൂന്നര കിലോഗ്രാം കഞ്ചാവാണ് പിടിച്ചത്. കഴിഞ്ഞ ദിവസം എംഡിഎംഎയുടെ പേരില്‍ നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. അങ്ങാടികളിലൊക്കെ ലഹരി ഉപയോഗം കൂടി എന്ന് കണ്ടപ്പൊഴാണ് ഇങ്ങനെയൊരു ഇനാം പ്രഖ്യാപിച്ചത്. പഞ്ചായത്തിനെ ലഹരിവിമുക്തമാക്കുകയാണ് ലക്ഷ്യം.’ -മൂസ കടമ്പോട്ട് പറഞ്ഞു.

‘വിവിധ പാര്‍ട്ടികളില്‍ പെട്ട എല്ലാ പഞ്ചായത്ത് അംഗങ്ങളും ഒറ്റക്കെട്ടായാണ് ഇനാം നല്‍കാനുള്ള തീരുമാനമെടുത്തത്. ഇതിനുള്ള തുക നിലവില്‍ സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും. അടുത്ത വര്‍ഷം ഇത് പദ്ധതിയുടെ ഭാഗമായി വെക്കും. വിമുക്തി ഫണ്ട് ഇതിനുവേണ്ടി ലഭ്യമാക്കാന്‍ ശ്രമിക്കും. പദ്ധതിക്ക് അംഗീകാരം കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ തന്നെ പൈസ കൊടുക്കും.’ -അദ്ദേഹം തുടര്‍ന്നു.

ലഹരിയെ കുറിച്ചുള്ള വിവരം പഞ്ചായത്ത് പ്രസിഡന്റിനേയോ മെമ്പര്‍മാരെയോ അറിയിക്കാം. ലഭിക്കുന്ന വിവരം അധികൃതര്‍ക്ക് കൈമാറും. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാണ് പാരിതോഷികം കൈമാറുക. പോലീസ്, ഡാന്‍സാഫ്, എക്‌സൈസ് എന്നിവരുടെ പിന്തുണയും പഞ്ചായത്തിന്റെ ആശയത്തിനുണ്ട്. വിവരം നല്‍കുന്നയാളെ കുറിച്ചുള്ള വിവരം പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. നാട്ടുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ യുവാവാണ് ഇത്തരമൊരു ആശയം തന്നോട് പങ്കുവെച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തില്‍ പഞ്ചായത്തിനൊപ്പം കൈകോര്‍ക്കാനായി പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം കത്ത് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടേയും മറ്റും ഉടമകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. അവര്‍ വാടകയ്ക്ക് നല്‍കുന്ന ഇടങ്ങളില്‍ ലഹരി ഉപയോഗം ഇല്ല എന്ന് ഉറപ്പാക്കണമെന്നും ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും ആവശ്യപ്പെടും. ലഹരിക്കെതിരെ പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് റാലികള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here