കുമ്പള: കുമ്പളയിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. 24 ദിവസം പിന്നിട്ടിട്ടും കുട്ടിയെകുറിച്ച് വിവരമില്ലാത്തതിൽ ആശങ്കയിലാണ് മാതാപിതാക്കൾ. ഏതാനും ദിവസം മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നതിനാൽ അധികം താമസിയാതെ മകളെ ബന്ധപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫോൺ പലപ്രാവശ്യം റിങ് ചെയ്ത് ഓഫായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. മകൾ ഇപ്രാവശ്യം എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു.
ഫെബ്രുവരി 11ന് രാവിലെ 11നും 12ന് 4.45നുമിടയിലാണ് മേർക്കള സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. പരിചയക്കാരനായ മണ്ടേക്കാപ്പ് കൂടൽമേർക്കള സ്വദേശിക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നാണ് അമ്മ കുമ്പള പൊലീസിൽ പരാതി നൽകിയത്. രണ്ടാളുകളുടെയും മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഓഫായി.ഡോഗ് സ്ക്വാഡ്, ഡ്രോൺ എന്നിവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.
കാസർകോട്, മംഗളുരു റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും നാട്ടുകാരുടെ സഹായത്തോടെ മടിക്കേരി, കർണാടക എന്നിവിടങ്ങളിലെ ബന്ധു വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടുപരിസരത്തെ കുറ്റിക്കാടുകൾ നിറഞ്ഞ ഏക്കറോളമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ പരിശോധന നടത്തി.മകളുടെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ റിങ് ചെയ്തെങ്കിലും എടുത്തില്ല. മെറൂൺ നിറത്തിലുള്ള ടോപ്പും പാന്റ്സുമാണ് ധരിച്ചിരുന്നത്. കണ്ടെത്താനുള്ള തീവ്രപരിശ്രമം നടത്തുകയാണെന്ന് കുമ്പള സിഐ കെ.പി.വിനോദ്കുമാർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകി.