യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി, വിഴുങ്ങിയത് പോലീസിനെ കണ്ടതോടെ

0
65

താമരശ്ശേരി: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പോലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പോലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പോലീസ് കണ്ടെടുത്തിരുന്നു.

എന്നാല്‍, താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നും പരിശോധിക്കേണ്ടതില്ലെന്നുമാണ് മുഹമ്മദ് ഫായിസ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറോട് പറഞ്ഞത്. തുടര്‍പരിശോധനയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ മെഡിക്കല്‍ ഓഫീസറോടും ഇതേകാര്യംതന്നെയാണ് യുവാവ് ആവര്‍ത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലെ റെഡ് സോണിലേക്ക് മാറ്റി. തുടര്‍ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പോലീസിന് ലഭിച്ച സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here