മാനന്തവാടി : എംഡിഎംഎയുമായി പിടിയിലായി ജയിലിൽക്കഴിയുകയായിരുന്ന കാസർകോട് സ്വദേശികളുടെ കാറിൽനിന്ന് 285 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചോദ്യംചെയ്യലിനിടെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അളവിലുള്ള എംഡിഎംഎ കണ്ടെത്തിയത്.
കഴിഞ്ഞ 19-ന് വയനാട് തോല്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയും സംഘവും നടത്തിയ പരിശോധനയിലാണ് കാസർകോട് ചെങ്കള ചെർക്കള ബംബ്രാണിവീട്ടിൽ കെ.എം. ജാബിർ (33), മൂളിയാർ നുസ്രത് നഗർ മൂല അടക്കം വീട്ടിൽ മുഹമ്മദ്‌കുഞ്ഞി (39) എന്നിവർ പിടിയിലായത്. മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻസ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.987 ഗ്രാം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. എൻഡിപിഎസ് കോടതി റിമാൻഡുചെയ്ത ജാബിറിനെയും മുഹമ്മദ് കുഞ്ഞിയെയും മാനന്തവാടി ജില്ലാ ജയിലിലേക്കാണ് അയച്ചിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ചൊവ്വാഴ്ച ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യംചെയ്യുന്നതിനിടെ കാറിന്റെ ഡിക്കിയിൽ പ്രത്യേക ഫൈബർ പാർട്‌സിനുള്ളിൽ എംഡിഎംഎ ഉണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച 285 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
മയക്കുമരുന്നുപയോഗത്തെത്തുടർന്നുള്ള അതിക്രമം കൂടിയ സാഹചര്യത്തിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രതപാലിക്കുന്നുണ്ട്.