ബെംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പിടികൂടി മംഗളൂരു പൊലീസ്. 38 കിലോ എംഡിഎംഎയാണ് രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളിൽ നിന്നും മംഗളൂരു പൊലീസ് പിടിച്ചെടുത്തത്. വിപണിയിൽ 75 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പിടികൂടിയ ദക്ഷിണാഫ്രിക്കന്‍ വനിതകൾ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാനകണ്ണികളെന്നാണ് പൊലീസ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് 37.8 കിലോ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍,രണ്ട് പാസ്‌പോര്‍ട്ട്, 18000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 2016 ലാണ് ആബിഗലി തുണിക്കച്ചവടത്തിനായി ഇന്ത്യയിലെത്തിയത്. 2020ൽ ഇന്ത്യയിലെത്തിയ അഡോണിസ് ഡല്‍ഹിയില്‍ ഒരു ഫുട്കാര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ യുവതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
2024 ല്‍ മംഗളൂരു ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ഒരു അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിൽ കലാശിച്ചത്. ഹൈദര്‍ അലി എന്ന വ്യക്തിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹൈദര്‍ അലിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില നിർണായക വിവരങ്ങളെ തുടര്‍ന്ന് കേസ് സിസിബി യൂണിറ്റിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ വ്യാപിച്ചു കിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറയുന്നു.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് ആറ് കിലോ മയക്കുമരുന്നുമായി പീറ്റര്‍ ഇക്കെഡി എന്ന നൈജീരിയന്‍ സ്വദേശിയെയും പിടികൂടിയിരുന്നു. പീറ്ററിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. ബെംഗളൂരു നഗരത്തിലേക്ക് രണ്ട് വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14 നാണ് പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് രണ്ട് ആഫ്രിക്കന്‍ വനിതകളെ മംഗളൂരു സെൻട്രൽ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള നിരന്തര നീരിക്ഷണത്തിലൂടെ വലിയ മയക്കുമരുന്ന് റാക്കറ്റിനെ സിസിബി പിടികൂടുകയായിരുന്നു.