കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കല്യാണം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നുവത്രെ. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കല്യാണം കഴിപ്പിച്ചു തരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു. ഇത് അംഗീകരിക്കാതെ വിക്രമന്‍ ഭീഷണി മുഴക്കിയതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.