ഉപ്പള പത്വാടിയിലെ ലഹരിവേട്ട അഞ്ചു മാസം പിന്നിട്ടിട്ടും പിടിയിലായത് ഒരാൾ മാത്രം; മറ്റു പ്രതികൾ വിദേശത്തെന്ന് പൊലീസ്

0
14

കാസർകോട് ∙ ഉപ്പളയിലെ വീട്ടിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി ഉൽപന്നങ്ങൾ പിടികൂടി 5 മാസത്തിലേറെയായെങ്കിലും പിടികൂടിയത് ഒരാളെ മാത്രം. കൂട്ടുപ്രതികൾ ഉണ്ടെന്നു അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ വിദേശത്തായതിനാൽ ഇതുവരെ പിടികൂടാനായില്ല. പ്രധാന പ്രതി അറസ്റ്റിലായി 6 മാസം തികയാൻ ദിവസം ബാക്കിയിരിക്കെ കേസിന്റെ കുറ്റപത്രം കോടതിയിൽ നൽകാനൊരുങ്ങുകയാണ് പൊലീസ്.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഉപ്പള മുളിഞ്ചെ പത്വാടി അൽ ഫ്ലാഗ മൻസിൽ അഷ്കർ അലിയുടെ (26) വീട്ടിൽ നിന്ന് 3.407 കിലോഗ്രാം എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും 96.65 ഗ്രാം കൊക്കെയ്ൻ, 30 ലഹരി ഗുളികകളും പൊലീസ് പിടികൂടിയത്. ഇതിൽ അറസ്റ്റിലായ അഷ്കർ അലി റിമാൻഡിലാണ്. ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. എൻഡിപിഎസ് കേസുകളിൽ അറസ്റ്റിലായാൽ 6 മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം. അതിനാൽ ഈ മാസം 20ന് അകം കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്.

മഞ്ചേശ്വരം, പൈവളിഗെ, ഉപ്പള പ്രദേശങ്ങളിലുള്ളവരാണ് ഈ വലിയ ലഹരിക്കടത്ത് സംഘത്തിലെ കൂട്ടുപ്രതികളെന്നാണു പൊലീസ് നൽകുന്ന സൂചന. ഇവർ ഇതുവരെ നാട്ടിലെത്തിയില്ല. വിദേശരാജ്യങ്ങളിൽ നിന്നായിരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയായ അഷ്കർ അലിക്കു ലഹരിമരുന്നും എത്തിക്കുകയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്ന മുഖ്യകണ്ണി ഉപ്പള സ്വദേശിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ലണ്ടനിലായിരുന്ന അഷ്കർ അലിയുടെ സുഹൃത്തുക്കൾ കൂടിയാണ് മറ്റു പ്രതികൾ.

അഷ്കർ അലി റിമാൻഡിലായതോടെ ലഹരിക്കടത്ത് സംഘം മറ്റു ഇരകളെ ഉപയോഗിച്ചാണ് കടത്തുന്നതെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. അതിനാൽ ജില്ലയിലെ പല കടത്തു സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയ്ക്കും പുറത്തുമുള്ള ചെറുകിട സംഘങ്ങൾക്കു ലഹരിമരുന്നു ഏറെ എത്തിച്ചു നൽകിയിരുന്നത് ഉപ്പളയിൽ നിന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here