ബെംഗളൂരു: കര്‍ണാടകയിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോരില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ തന്റെ ചേംബറില്‍ അനധികൃതമായി കൊണ്ടുവെച്ചതായി മേല്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ഡി.ഐ.ജി. വര്‍തിക കടിയാറിന് സ്ഥാനചലനം. തന്റെ മേലുദ്യോഗസ്ഥയായ ഐ.ജി. ഡി. രൂപയ്‌ക്കെതിരെയായിരുന്നു വര്‍തിക ആരോപണം ഉന്നയിച്ചത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ഐ.എ.എസ്- ഐ.പി.എസ്. പോരില്‍, രോഹിണി സിന്ദൂരിക്കെതിരെ ആരോപണം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥയാണ് ഡി. രൂപ.
ഹോം ഗാര്‍ഡ് ഡി.ഐ.ജിയായും അഡീഷണല്‍ കമാന്‍ഡന്‍ഡ് ജനറലായുമാണ് വര്‍തിക കടിയാറിന് മാറ്റം. സിവില്‍ ഡിഫന്‍സ് എക്‌സ് ഓഫീഷ്യോ അഡീഷണല്‍ ഡയറക്ടറായും ചുമതലയുണ്ട്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഡി.ഐ.ജി. ചുമതലയില്‍നിന്നാണ് മാറ്റം. ഫെബ്രുവരിന് 20-നായിരുന്നു രൂപയ്‌ക്കെതിരായി കര്‍ണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനും ഡി.ജി.പി. അലോക് മോഹനും വര്‍തിക പരാതി നല്‍കിയത്.
2024 സെപ്റ്റംബര്‍ ആറിനാണ് പരാതിക്ക് ആധാരമായ സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ മഞ്ജുനാഥ് ടി.എസ്, ഹോം ഗാര്‍ഡ് മല്ലികാര്‍ജുന്‍ എന്നിവര്‍ തന്റെ ചേംബറില്‍ കടന്നുകയറി ചില ഫയലുകള്‍ സ്ഥാപിച്ചുവെന്നും അതിന്റെ ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഇത് രൂപയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു. കണ്‍ട്രോള്‍ റൂമില്‍ താനില്ലാത്തപ്പോഴാണ് മഞ്ജുനാഥും മല്ലികാര്‍ജുനും താക്കോല്‍ കൈക്കലാക്കി തന്റെ ചേംബറില്‍ കടന്നുകയറിയതെന്നും വര്‍തികയുടെ പരാതിയില്‍ പറയുന്നു. തനിക്കെതിരെ മോശം പ്രകടനത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വര്‍തിക ആരോപിക്കുന്നു.
2010 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് വര്‍തിക. 2000 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം കാത്തിരിക്കുകയാണ്. രോഹിണിയുമായുള്ള തര്‍ക്കത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രൂപയ്‌ക്കെതിരെ വീണ്ടും ആരോപണം. വിവാദത്തിനിടെ ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളടക്കം രൂപ പുറത്തുവിട്ടിരുന്നു.