ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബെ‍ർത്ത് കിട്ടില്ല; പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

0
64

ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൌകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

ഓട്ടോമാറ്റിക് അലോട്ട്മെന്റ് വഴിയാകും ഇനി മുതൽ ലോവർ ബെർത്തുകൾ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഗർഭിണികൾ, 45 വയസ്സോ അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർ, പ്രായമായവർ (60 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷ യാത്രക്കാർക്കും 58 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർക്കും) എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവർ ബെർത്തുകൾ അനുവദിക്കും. യാത്രയ്ക്കിടെ ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൌരൻമാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന നൽകും.

മുൻ​ഗണനാ വിഭാ​ഗത്തിലുള്ള യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ വിവിധ ക്ലാസുകളിലായി ഒരു നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ നീക്കിവെച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ, ഓരോ കോച്ചിലും 6 മുതൽ 7 വരെ ലോവർ ബെർത്തുകൾ ഈ വിഭാഗത്തിനായി നീക്കിവെച്ചിട്ടുണ്ട്. അതേസമയം, എയർ കണ്ടീഷൻഡ് 3 ടയർ (3AC) കോച്ചുകളിൽ, 4 മുതൽ 5 വരെ ലോവർ ബെർത്തുകളാണ് അനുവദിച്ചിരിക്കുന്നത്. എയർ കണ്ടീഷൻഡ് 2 ടയർ (2AC) കോച്ചുകളിൽ 3 മുതൽ 4 വരെ ലോവർ ബെർത്തുകളും നീക്കിവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here