തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും റെക്കോര്‍ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച പവന് വര്‍ധിച്ചത് 320 രൂപ. സ്വര്‍ണ വില 66,320 രൂപയിലെത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. 40 രൂപ വര്‍ധിച്ച് ആദ്യമായി ഗ്രാമിന് 8,290 രൂപയിലെത്തി.
ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 75,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്തുള്ള തുകയാണിത്.
ചൊവ്വാഴ്ച രേഖപ്പെടുത്തിയ 66,000 രൂപ എന്ന റെക്കോര്‍ഡ് വിലയാണ് ഇതോടെ മറികടന്നത്. മാര്‍ച്ച് മാസത്തില്‍ ഇത് നാലാം തവണയാണ് കേരളത്തിലെ വില റെക്കോര്‍ഡ് തിരുത്തുന്നത്. മാര്‍ച്ച് 13 ന് 64,960 രൂപയിലിലും തൊട്ടടുത്ത ദിവസം 65,840 രൂപയിലേക്കും സ്വര്‍ണ വില എത്തിയിരുന്നു.
രാജ്യാന്തര വില ബ്രേക്കില്ലാതെ കുതിക്കുന്നതാണ് കേരളത്തില്‍ വില കുതിപ്പിന് കാരണം. ഇന്നലെ റെക്കോര്‍ഡിട്ട രാജ്യാന്തര വിലയ്ക്ക് അരികലായാണ് ഇന്നത്തെ വ്യാപാരം. നിലവില്‍ ട്രോയ് ഔണ്‍സിന് 3,036 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വില. ഇന്നലെ 3038 ഡോളറില്‍ രാജ്യാന്തര വില എത്തിയിരുന്നു. ഇതുവരെ 15 ശതമാനം വര്‍ധനവാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജം. 400 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടക്കം എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ട്രംപിന്‍റെ താരിഫ് നയങ്ങള്‍ ഉയര്‍ത്തുന്ന പണപ്പെരുപ്പ ഭീഷണി, ബുധനാഴ്ച അവസാനിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് സംബന്ധിച്ചുള്ള ആശയകുഴപ്പം എന്നിവ സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്.