തിരുവനന്തപുരം5: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ (MoCA) ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) പ്രഖ്യാപിച്ചു. ഇതോടെ, എഎഎച്ചഎല്ലിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയർപോർട്സ് വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
“മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയ ഞങ്ങളുടെ അഞ്ച് വിമാനത്താവളങ്ങളിൽ 2023 ഓഗസ്റ്റ് 15 മുതൽ ഡിജിയാത്ര സർവീസ് ആരംഭിച്ചു. മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള അദാനി എയർപോർട്സിന്റെ സമർപ്പണത്തിന്റെ ഭാഗമാണ്. യാത്രക്കാർ ഡിജിയാത്ര ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ട്. ഞങ്ങളുടെ ചില വിമാനത്താവളങ്ങൾ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു. കൂടുതൽ യാത്രക്കാർ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനർനിർവചിക്കുന്നു”- എഎഎച്ച്എൽ ഡയറക്ടർ ശ്രീ. ജീത് അദാനി പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിച്ചും യാത്രക്കാർക്ക് ലോകോത്തര സേവനങ്ങൾ നൽകുന്നതിലൂടെയും ഇന്ത്യയിലെ വ്യോമയാന മേഖലയുടെ നിലവാരം ഉയർത്താനുള്ള എഎഎച്ച്എല്ലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഡിജിയാത്ര നടപ്പിലാക്കൽ. യാത്രക്കാർക്ക് പേപ്പർ രഹിതവും തടസ്സരഹിതവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് ഡിജിയാത്ര സംരംഭത്തിന്റെ ലക്ഷ്യം. വിമാനത്താവളങ്ങളിൽ തടസ്സമില്ലാത്ത പ്രവേശനത്തിനായി മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
ഡിജിയാത്ര പേപ്പർ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്നു, ഇത് യാത്രാപ്രക്രിയയെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാകുന്നു. ഡിജിയാത്ര വിവിധ ടച്ച്‌പോയിന്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷയും സ്വകാര്യതയും ഡിജി യാത്രയുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.
എഎഎച്ച്എൽ വിമാനത്താവളങ്ങളിലെ ഡിജിറ്റൽ വളർച്ച
ഡിജിയാത്ര ഇടപാടുകളിലെ ശരാശരി പ്രതിമാസ വളർച്ച: കഴിഞ്ഞ 9 മാസത്തിനുള്ളിൽ 14%
AAHL വിമാനത്താവളങ്ങളിലെ ശരാശരി ഉപയോഗം യാത്രക്കാരുടെ 25% മുതൽ 30% വരെയാണ്
20 ജനുവരി 25 ന് മുംബൈ വിമാനത്താവളത്തിൽ 37.1% യാത്രക്കാർ ഡിജിയാത്ര ഉപയോഗിച്ചു: ഒരു ദിവസം ഒരു എഎഎച്ച്എൽ വിമാനത്താവളത്തിൽ ഡിജിയാത്ര ഉപയോഗിക്കുന്ന യാത്രക്കാരുടെ ഏറ്റവും ഉയർന്ന ശതമാനം