കൊല്ലം: പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്‌ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാന്‍ഡുകളെടുത്തു നടത്തിയ പഠനത്തില്‍ ലിറ്ററിന് ശരാശരി മൂന്നുമുതല്‍ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകള്‍, ശകലങ്ങള്‍, ഫിലിമുകള്‍, പെല്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരികള്‍ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവര്‍ഷം ശരാശരി 153.3 തരികള്‍ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തില്‍ വില്‍ക്കുന്ന കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകള്‍ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എന്‍വയണ്‍മെന്റിലാണ് പ്രസിദ്ധീകരിച്ചത്.
സാമ്പിളുകളില്‍ എട്ടു വ്യത്യസ്ത പോളിമര്‍ തരികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാരുകളാണ് കൂടുതല്‍. 58.928 ശതമാനം. നിറമനുസരിച്ച് മൊത്തം എണ്ണത്തിന്റെ ഏകദേശം 35.714 ശതമാനം ചുവപ്പുനിറത്തില്‍ ഉള്‍പ്പെടുന്നു. വിശകലനംചെയ്ത കുപ്പിവെള്ള സാമ്പിളുകളില്‍ കണ്ടെത്തിയ നാരുകള്‍ അസംസ്‌കൃത ജലസ്രോതസ്സുകളില്‍നിന്നു വന്നതാകാം. മറ്റുള്ളവ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളില്‍നിന്നോ, പായ്ക്ക് ചെയ്യുന്ന കുപ്പികളില്‍നിന്നുതന്നെയോ കലരുന്നതാകാം.
ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും മണ്ണ്, വെള്ളം, ഭക്ഷണം, വായു എന്നിവയിലും ചുറ്റുമുള്ള ജീവികളിലും മനുഷ്യശരീരത്തില്‍ത്തന്നെയും സൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശ്വസനംവഴിപോലും ശരാശരി 240 കണികകള്‍ നമ്മളില്‍ കയറിപ്പറ്റുന്നുണ്ടെന്നാണ് പഠനം. കുപ്പിവെള്ളം തയ്യാറാക്കുമ്പോള്‍ കൂടുതല്‍ മികച്ച ഗുണനിലവാരപ്രക്രിയകള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഓര്‍മ്മപ്പെടുത്തുന്നത്. വ്യക്തികളും വ്യവസായങ്ങളും നയരൂപവത്കരണക്കാരും ഇതിനായി കൈകോര്‍ക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെയും അവ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിന്റെയും പ്രാധാന്യവും എടുത്തുകാണിക്കുന്നു.
പ്ലാസ്റ്റിക് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനും ഉപയോഗശേഷം കൃത്യമായി സംസ്‌കരണത്തിനു വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഊന്നിപ്പറയുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ഡോ. പി.ജെ. സര്‍ലീന്‍ പറഞ്ഞു.