കാസർകോട്: ദേശീയപാത മൊഗ്രാൽ പാലത്തിന് സമീപം പിക്കപ്പ് വാൻ സ്കൂട്ടർ ഇടിച്ചു വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. ഉപ്പള മൂസോടി സ്വദേശിയും ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമയുമായ അബ്ദുൽ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ അസീസിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മംഗളുരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമ്പള മേഖലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് അപകടത്തിന് വഴിവെക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ബുധനാഴ്ച രാവിലെ കുമ്പളയിൽ ടോറസ് ലോറി ബൈക്കിലിടിച്ച് പിതാവിനും മകനും പരിക്കേറ്റിരുന്നു. മകൻ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് പാടിയുടെയും നഫീസ യുടെയും മകനാണ് അസീസ്. മുംതാസ് ആണ് ഭാര്യ. ഹംന, ഷംന, മുഹമ്മദ് ഷഹൽ, ആയിഷ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: റഹീം, റസാഖ്, ഖദീജ, ഫാത്തിമ, സമീറ