ദേശീയ പാത വികസനം; മംഗൽപാടിയിൽ നടപ്പാത നിർമാണം വൈകുന്നു

0
13

ഉപ്പള: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മംഗൽപാടിയിൽ അനുവദിച്ച നടപ്പാത (എഫ്ഒ.ബി) വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിട്ടും പലയിടത്തും നടപ്പാത നിർമാണം ആരംഭിക്കാത്തത് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു.

റോഡ് നിർമാണം പൂർത്തിയായതോടെ റിട്ടേണിങ് വാളും, ഡിവൈഡറും മറികടന്ന് വിദ്യാർഥികളും സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നത് നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കാണുന്നത്. കാൽ നടയാത്രക്കാർക്ക് ഇരുവശങ്ങളിലേക്കും കടന്നു പോകാൻ സ്കൂളുകൾക്ക് സമീപം നടപ്പാത (എഫ്.ഒ.ബി) നിർമിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പു നൽകിയിരുന്നു.

മംഗൽപ്പാടി ഹയർസെക്കണ്ടറി സ്കൂളിലെയും, കുക്കാറിലെ എൽ.പി സ്കൂളിലെയും, അങ്കണവാടിയിലെയും നൂറു കണക്കിന് കുട്ടികൾക്ക് ദേശീയ പാത മുറിച്ചു കടക്കാൻ നടപ്പാത നിർമിക്കാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ചീറിപ്പായുന്ന വാഹനങ്ങൾക്ക് കുറുകെ കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കിയേക്കും.

പദ്ധതി വൈകുന്നതിൽ രക്ഷിതാക്കളും, നാട്ടുകാരും ആശങ്കയിലാണ്. ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് എൻ.സി.പി ജില്ലാ സെക്രട്ടറി സിദ്ദിഖ് കൈക്കമ്പ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here