കുമ്പള: കുമ്പള പോലീസ് സ്റ്റേഷനരികിലെ സ്‌കൂള്‍ മൈതാനത്തിന് ചുറ്റും വാഹന കൂമ്പാരം കാടുമൂടി നശിക്കുന്നു. വിവിധ കേസുകളിലായി കുമ്പള പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിത്. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സൗകര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ മൈതാനത്തിന് സമീപം വാഹനങ്ങള്‍ കൊണ്ടിടുന്നത്. ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്ത വിധം വാഹനങ്ങള്‍ കാടുകയറിയും, തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു.
നേരത്തെ ഈ വിഷയത്തില്‍ പോലീസ് അധികാരികള്‍ ഇടപെട്ട് ഇത്തരം വാഹനങ്ങള്‍ ഇവിടെ നിന്ന് ഒഴിവാക്കാന്‍ ലേലനടപടികള്‍ നടത്തിയിരുന്നു. ചുരുക്കം വാഹനങ്ങള്‍ മാത്രമാണ് അന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലേലത്തില്‍ വിറ്റത്. സര്‍ക്കാരിലേക്ക് നല്ലൊരു വരുമാനവും ഇതുവഴി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതും, പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പവും കൊണ്ട് കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശ്മശാനമായി മാറിയിട്ടുണ്ട്. കുമ്പളയില്‍ നശിക്കുന്ന വാഹനങ്ങളേറെയും മണല്‍ കൊള്ളയും അതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ടിപ്പര്‍ ലോറികളും,ടെംപോ കളുമാണ്. ഇതിനിടയില്‍ ലഹരി കേസുകളില്‍ പിടിച്ചെടുത്ത കുറെ കാറുകളുമുണ്ട്. വാഹനാപകടത്തില്‍പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങള്‍ വേറെയും. എല്ലാം തുരുമ്പെടുത്ത് നശിച്ചു പോയിട്ടുണ്ട്.
അതിനിടെ കാടുകയറി നശിക്കുന്ന വാഹന കൂമ്പാരങ്ങള്‍ക്കിടയില്‍ ഇഴജന്തുക്കള്‍ ഉള്ളത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി ആയിട്ടുണ്ട്. നേരത്തെ ഇവിടെയുണ്ടായിരുന്ന പിഡബ്ല്യുഡിയുടെ പഴകി ദ്രവിച്ച റസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്ടവും ഇവിടെത്തന്നെയുണ്ട്. പിഡബ്ല്യുഡി സ്ഥലം കൂടി പോലീസ് സ്റ്റേഷന് നല്‍കുകയും പോലീസ് സ്റ്റേഷന്‍ പുതുക്കിപ്പണിയുകയും, അടിസ്ഥാനസൗകര്യം ഒരുക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഒതുക്കി ഇടാനുള്ള സംവിധാനമെങ്കിലും ഉണ്ടാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് ജനപ്രതിനിധികളുടെ ഇടപെടല്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്.