കാസര്‍കോട്: ഉപ്പള, മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഉപ്പള, പത്വാടി സ്വദേശിയായ സവാദി(24)നെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ഫെബ്രുവരി 11ന് രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് അറസ്റ്റിലായ സമയത്ത് സവാദ് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇതു പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്താന്‍ സവാദിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും കണ്ടെത്താനുണ്ട്. ഇതിനായി പ്രതിയെയും കൊണ്ട് കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.