കാസർകോട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ മനോഹർ ഗാവസ്കർ കാസർകോട് നഗരസഭയുടെ വിശിഷ്ടാതിഥിയായി 21നു ജില്ലയിലെത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഗാവസ്കറുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നഗരസഭാ പരിധിയിലെ റോഡിന് അദ്ദേഹത്തിന്റെ പേരു നാമകരണം ചെയ്യും. കാസർകോട് നഗരസഭയുടെ അധീനതയിൽ വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിനാണ് ‘സുനിൽ ഗാവസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ്’ എന്നു നാമകരണം ചെയ്യുന്നത്. ഗാവസ്കർ കൂടി പങ്കെടുക്കുന്ന ചടങ്ങിലാണു റോഡിന്റെ പേര് പ്രഖ്യാപിക്കുകയെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കാസർകോട് നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം എന്നിവർ അറിയിച്ചു.
തുടർന്ന് അദ്ദേഹത്തെ വാഹനങ്ങളുടെ അകമ്പടിയോടെ ചെട്ടുംകുഴി റോയൽ കൺവൻഷൻ സെന്ററിലേക്ക് ആനയിക്കും. അവിടെ നടക്കുന്ന ചടങ്ങിൽ മുൻ ക്യാപ്റ്റനെ ആദരിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായികപ്രേമികളും പങ്കെടുക്കുമെന്നു സ്വാഗതസംഘം വർക്കിങ് കൺവീനർ ടി.എ.ഷാഫി, കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ കെ.എം.അബ്ദുറഹ്മാൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, കാസർകോട് പ്രസ്ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ എന്നിവർ അറിയിച്ചു.