തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ പൊലീസുകാര്‍ പിഴയൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന കണ്ടെത്തിയതോടെ ഡി.ജി.പി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
എ.ഐ ക്യാമറകള്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊതുജനങ്ങള്‍ പിഴയൊടുക്കാറുണ്ട്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയൊടുക്കുന്നില്ലെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
മോട്ടോര്‍ വാഹനവകുപ്പ് ചുമത്തുന്നതും പൊലീസ് ചുമത്തുന്ന പിഴയും പൊലീസ് ഉദ്യോഗസ്ഥര്‍ അടയ്ക്കുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ഇന്നലെ നടന്ന വാര്‍ഷിക അവലോകന യോഗത്തില്‍ ഡി.ജി.പിയുടെ നിര്‍ദേശം.
ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. പൊലീസുകാര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പൊതു ജനങ്ങളെ പോലെ തന്നെ പിഴയൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും നിര്‍ബന്ധമാണെന്നും ഡി.ജി.പി പറഞ്ഞു.
അടക്കാത്ത പക്ഷം കടുത്ത നടപടിയുണ്ടാവുമെന്നും പിഴ അടക്കാത്ത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവികളോട് അറിയിച്ചിട്ടുണ്ട്.